Wednesday, December 24, 2008

"മോളിവുഡ്" - പ്രതീക്ഷയ്ക്ക് വകുപ്പുണ്ട്...

ലോകത്തിലെ ഏറ്റവും മോശമായ സിനിമകള്‍ക്കുള്ള 'പുരസ്കാരം' Golden Raspberry Award അഥവാ Razzies എന്ന പേരില്‍ 1981 മുതല്‍ എല്ലാ വര്‍ഷവും നല്‍കിപ്പോരുന്നുണ്ട്. ഏറ്റവും മോശം ചിത്രം, നടന്‍, നടി, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലെയും 'വിധ്വംസക പ്രവര്‍ത്തക'രെ തെരഞ്ഞെടുക്കുന്നതാകട്ടെ, കാശ് മുടക്കി സിനിമ കാണുന്ന പ്രേക്ഷകരും.

ആഗോളതലത്തില്‍ തല്ലിപ്പൊളിത്തരം പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതു കൊണ്ടാകണം, മലയാളത്തിന്റെ ഒരു ചിത്രത്തിനും ഇതു വരെ ആ അവാര്‍ഡ് പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. (കേരളത്തിനോടുള്ള മന:പൂര്‍വ്വമായ അവഗണനയാണ്‌ ഇതെന്നു പറഞ്ഞ് ഏതെങ്കിലും ഈര്‍ക്കിലി പാര്‍ട്ടിക്ക് നാളെത്തന്നെ വേണമെങ്കില്‍ സംസ്ഥാനവ്യാപകമായ ഒരു ഹര്‍ത്താലിനു ആഹ്വാനം ചെയ്യാം!)

സ്റ്റോക്ക് മാര്‍ക്കറ്റിനെക്കാള്‍ വേഗത്തില്‍ തകര്‍‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമ വിശദമായ ഒരു പുനരവലോകനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചു എന്നു കരുതുന്ന "ബൂലോക"വാസികള്‍ക്കെല്ലാം ഈ വര്‍ഷം തങ്ങളെ മാനസികമായി ഏറ്റവുമധികം തളര്‍ത്തിയ സിനിമ തെരഞ്ഞെടുക്കാന്‍ ഒരവസരം ഇതാ http://padavalam.com/ ല്‍. തികച്ചും അവസരോചിതമായ ഈ സംരംഭത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍...

വര്‍ഷം തോറും നൂറുകണക്കിനു ചിത്രങ്ങള്‍ പടച്ചു വിടുന്ന മലയാള ചലച്ചിത്ര വ്യവസായം സൃഷ്ടിക്കുന്ന 'മാലിന്യം' ചില്ലറയൊന്നുമല്ല. തട്ടിക്കൂട്ടിയ കഥയും തിരക്കഥയും സംഭാഷണവുമൊക്കെയായി 'ചിക്കിലി' കൈയിലുള്ള ഏതു പുതുപ്പണക്കാരനും ഇവിടെ സിനിമ പിടിക്കാം എന്ന അവസ്ഥയാണ്‌. ഒരു സൂപ്പര്‍ സ്റ്റാര്‍, കുറെ തട്ടുപോളിപ്പന്‍ സംഭാഷണങ്ങള്‍, വില്ലനെ അടിച്ച്‌ ശൂന്യാകാശത്തിലേക്ക് വിക്ഷേപണം ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍, അര്‍ത്ഥശൂന്യമായ അസംഖ്യം ഗാനങ്ങള്‍ - ഇതൊക്കെയാവണം ചേരുവകള്‍ എന്നു മാത്രം. അന്യനാട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത ഒരു 'ഐറ്റം' നായികയെ (പണ്ട് തറവാട്ടില്‍ നിന്നും ഭാഗം വാങ്ങിച്ച് അന്യദേശത്തെക്ക് ചേക്കേറിയതാണെങ്കില്‍ ഒന്നു കൂടെ നല്ലത്) വച്ചു കണ്ണിന്റെ ഫ്യൂസ്‌ അടിച്ചു പോകുന്ന രീതിയില്‍ ചിത്രീകരിച്ച ഒന്നോ രണ്ടോ ഗാനരംഗം കൂടെ മേമ്പോടി ചേര്‍‍ത്താല്‍ സംഗതി ഉഷാര്‍!

"ഈ കാണാന്‍ പോകുന്ന ചിത്രമെങ്കിലും നന്നായിരിക്കും" എന്ന ശുഭപ്രതീക്ഷയില്‍ തീയേറ്ററില്‍ പോയി ക്യൂ നിന്നു ടിക്കറ്റെടുത്തു പടം കാണുന്ന ഒരു സാധാരണ പ്രേക്ഷകന്‍‍ ഇവിടെ വീണ്ടും വീണ്ടും മണ്ടനാകുന്നു. എന്തിനധികം, പത്തോ പതിനഞ്ചോ രൂപ വാടക കൊടുത്തു വ്യാജ സി.ഡി വാങ്ങി കണ്ടാല്‍ പോലും ആ കാശു കളഞ്ഞതിന്റെ കുറ്റബോധം കൊണ്ട് മൂന്നു നാലു ദിവസത്തെ ഉറക്കം കെടുത്തുന്ന സിനിമകള്‍ എത്രയെണ്ണമാണ്‌ ഓരോ വര്‍ഷവും ഇറങ്ങുന്നത്!

എന്നിട്ടും, വര്‍ഷാവസാനം ആകുമ്പോള്‍ എല്ലാ പത്രങ്ങളും, ചാനലുകളും മുടങ്ങാതെ അവാര്‍ഡ് നിശകള്‍ സംഘടിപ്പിക്കുന്നു. വിഡ്ഢികളായി കൊതി തീരാത്ത ജനം‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ തെരഞ്ഞെടുക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന താരനിശകളുടെ ടിക്കറ്റ് വിറ്റ് വീണ്ടും കുറേപ്പേര്‍ കാശുകാരാകുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ നിരാശരായി ജീവിതം തുടരുന്നു.

ഇതില്‍ നിന്നൊക്കെ ഒരു മോചനം പടവലത്തിന്റെ ഈ സംരംഭം വഴി സാധ്യമാകും എന്നുറപ്പ്. ഇന്നിപ്പോള്‍ 'മികച്ച' തല്ലിപ്പൊളി ചിത്രത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഈ അവാര്‍ഡ് നാളെ കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളിലേക്കും വ്യാപിക്കണം. എന്നിട്ട്‌ ഈ 'ജനപ്രിയ'രേയും പരസ്യമായിത്തന്നെ സുവര്‍ണ, രജത, വെങ്കല പടവലങ്ങള്‍ സമ്മാനിച്ച്‌ 'അനാ'ദരിക്കണം.

അങ്ങനെ പ്രേക്ഷകരുടെ സത്യസന്ധമായ പ്രതികരണത്തെ പേടിച്ചെങ്കിലും മലയാള സിനിമയ്ക്കു കാമ്പില്ലാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്ന പ്രവണതയ്ക്ക് ഒരു അറുതി വരുമെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. പടവല പ്രസ്ഥാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ...

Thursday, December 4, 2008

കൊള്ളാം... ഈ പ്രതിബദ്ധതയും!

കത്തുന്ന പുരയില്‍ നിന്നു കഴുക്കോലൂരുന്ന "സാമൂഹികപ്രതിബദ്ധത" നമുക്കു പുത്തരിയല്ല... എന്നാലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായ മുഖ്യമന്ത്രിയുടെ "പട്ടി"പ്രയോഗത്തെ തുടര്‍ന്നുണ്ടായ പുകിലുകളെപ്പറ്റി എന്റെ അഭിപ്രായം പറയാതിരിക്കാന്‍ വയ്യ!

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ അപ്രതീക്ഷിതമായ ദുരന്തം സൃഷ്ടിച്ച ഭയപ്പാടിനെക്കാളും, അതില്‍ എരിഞ്ഞൊടുങ്ങിയ ജീവിതങ്ങളെക്കാളും നാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു ഈ സംഭവം! പത്ര-ദൃശ്യ മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളുമൊക്കെ ഇതു മല്‍സരിച്ചാഘോഷിച്ചു... ചാവേറാക്രമണം നടന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രി പോലും നേരിടാത്ത രാഷ്ട്രീയ, സാമൂഹിക സമ്മര്‍ദമാണ്‌ കേരളാ മുഖ്യമന്ത്രിക്ക് എല്ലാവരും കൂടെ സമ്മാനിച്ചത്‌.

ഒരു മരണവീട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളാണ്‌ അന്തരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരു വസതിയില്‍ അരങ്ങേറിയത്, ശരി തന്നെ. തികച്ചും വ്യക്തിപരമായ വികാരപ്രകടനം എന്നതിനുമപ്പുറം രാഷ്ട്രീയമായി ഇത്രയേറെ പ്രാധാന്യം ഇതിനു കൊടുക്കേണ്ടിയിരുന്നോ?
ലാലു പ്രസാദ്‌, പ്രകാശ് കാരട്ട്‌ ശ്രേണിയിലുള്ള ദേശീയ നേതാക്കളുടെ പ്രസ്താവനകള്‍, നിയമസഭയില്‍ അടിയന്തര പ്രമേയം, മുഖ്യമന്ത്രിയുടെ രാജിക്കു വേണ്ടി പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം, നാടൊട്ടുക്കുമുള്ള പ്രതിഷേധ പ്രകടനം - ഇതിന്റെ ഒക്കെ ആവശ്യം എന്തായിരുന്നു?

യഥാര്‍ത്ഥത്തില്‍ ശ്രദ്ധ പതിയേണ്ടിയിരുന്ന വേറെ എന്തൊക്കെ പ്രശ്നമുണ്ട് നമുക്ക്‌? ഇന്നലെ മുംബൈയില്‍ സംഭവിച്ചത്‌ നാളെ കേരളത്തിലും ആവര്‍ത്തിക്കില്ല എന്ന്‌ ഉറപ്പുവരുത്താന്‍ എന്തെങ്കിലും ശ്രമങ്ങള്‍ ആരെങ്കിലും നടത്തിയോ? തീരദേശ സുരക്ഷാ സന്നാഹങ്ങളില്‍ എന്തെങ്കിലും മെച്ചം വരുത്തിയോ? ചെയ്യാനാണെങ്കില്‍ കുന്നോളം കാര്യങ്ങള്‍ കിടക്കുന്നു... എന്നിട്ടും, ഇതു പോലൊരു വിഷയത്തില്‍ കടിച്ചു തൂങ്ങുന്ന "പ്രബുദ്ധ കേരള"ത്തിന്റെ ബുദ്ധിവൈഭവത്തെ എത്ര ശ്രമിച്ചിട്ടും ന്യായീകരിക്കാന്‍ എനിക്കു കഴിയുന്നില്ല, അതെന്റെ ബുദ്ധി ശൂന്യതയാണെങ്കില്‍ ക്ഷമിക്കുക...

വാല്‍ക്കഷണം: കഴിഞ്ഞയാഴ്ച വരെ മലയാള മാധ്യമങ്ങള്‍ പാഞ്ഞു നടന്നിരുന്നത് അഭയാ കൊലക്കേസ് പ്രതികള്‍ക്ക് പിന്നാലെയായിരുന്നു... ഈ വിവാദം അസമയത്തു വന്നതു കൊണ്ടാകണം, അതിന്റെ പൊലിമ നഷ്ടപ്പെട്ടു. ആദ്യ പേജില്‍ പ്രതീക്ഷിക്കുന്ന പല വാര്‍ത്തകളും ഇപ്പോള്‍ പേപ്പറിന്റെ അകത്താളുകളില്‍ പരതിയാലേ കിട്ടുന്നുള്ളൂ, ഫ്രണ്ട് പേജ് അച്ചുമ്മാന് "ഡെഡിക്കേറ്റ്" ചെയ്തിരിക്കുകയല്ലേ!