Thursday, December 4, 2008

കൊള്ളാം... ഈ പ്രതിബദ്ധതയും!

കത്തുന്ന പുരയില്‍ നിന്നു കഴുക്കോലൂരുന്ന "സാമൂഹികപ്രതിബദ്ധത" നമുക്കു പുത്തരിയല്ല... എന്നാലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായ മുഖ്യമന്ത്രിയുടെ "പട്ടി"പ്രയോഗത്തെ തുടര്‍ന്നുണ്ടായ പുകിലുകളെപ്പറ്റി എന്റെ അഭിപ്രായം പറയാതിരിക്കാന്‍ വയ്യ!

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ അപ്രതീക്ഷിതമായ ദുരന്തം സൃഷ്ടിച്ച ഭയപ്പാടിനെക്കാളും, അതില്‍ എരിഞ്ഞൊടുങ്ങിയ ജീവിതങ്ങളെക്കാളും നാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു ഈ സംഭവം! പത്ര-ദൃശ്യ മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളുമൊക്കെ ഇതു മല്‍സരിച്ചാഘോഷിച്ചു... ചാവേറാക്രമണം നടന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രി പോലും നേരിടാത്ത രാഷ്ട്രീയ, സാമൂഹിക സമ്മര്‍ദമാണ്‌ കേരളാ മുഖ്യമന്ത്രിക്ക് എല്ലാവരും കൂടെ സമ്മാനിച്ചത്‌.

ഒരു മരണവീട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളാണ്‌ അന്തരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരു വസതിയില്‍ അരങ്ങേറിയത്, ശരി തന്നെ. തികച്ചും വ്യക്തിപരമായ വികാരപ്രകടനം എന്നതിനുമപ്പുറം രാഷ്ട്രീയമായി ഇത്രയേറെ പ്രാധാന്യം ഇതിനു കൊടുക്കേണ്ടിയിരുന്നോ?
ലാലു പ്രസാദ്‌, പ്രകാശ് കാരട്ട്‌ ശ്രേണിയിലുള്ള ദേശീയ നേതാക്കളുടെ പ്രസ്താവനകള്‍, നിയമസഭയില്‍ അടിയന്തര പ്രമേയം, മുഖ്യമന്ത്രിയുടെ രാജിക്കു വേണ്ടി പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം, നാടൊട്ടുക്കുമുള്ള പ്രതിഷേധ പ്രകടനം - ഇതിന്റെ ഒക്കെ ആവശ്യം എന്തായിരുന്നു?

യഥാര്‍ത്ഥത്തില്‍ ശ്രദ്ധ പതിയേണ്ടിയിരുന്ന വേറെ എന്തൊക്കെ പ്രശ്നമുണ്ട് നമുക്ക്‌? ഇന്നലെ മുംബൈയില്‍ സംഭവിച്ചത്‌ നാളെ കേരളത്തിലും ആവര്‍ത്തിക്കില്ല എന്ന്‌ ഉറപ്പുവരുത്താന്‍ എന്തെങ്കിലും ശ്രമങ്ങള്‍ ആരെങ്കിലും നടത്തിയോ? തീരദേശ സുരക്ഷാ സന്നാഹങ്ങളില്‍ എന്തെങ്കിലും മെച്ചം വരുത്തിയോ? ചെയ്യാനാണെങ്കില്‍ കുന്നോളം കാര്യങ്ങള്‍ കിടക്കുന്നു... എന്നിട്ടും, ഇതു പോലൊരു വിഷയത്തില്‍ കടിച്ചു തൂങ്ങുന്ന "പ്രബുദ്ധ കേരള"ത്തിന്റെ ബുദ്ധിവൈഭവത്തെ എത്ര ശ്രമിച്ചിട്ടും ന്യായീകരിക്കാന്‍ എനിക്കു കഴിയുന്നില്ല, അതെന്റെ ബുദ്ധി ശൂന്യതയാണെങ്കില്‍ ക്ഷമിക്കുക...

വാല്‍ക്കഷണം: കഴിഞ്ഞയാഴ്ച വരെ മലയാള മാധ്യമങ്ങള്‍ പാഞ്ഞു നടന്നിരുന്നത് അഭയാ കൊലക്കേസ് പ്രതികള്‍ക്ക് പിന്നാലെയായിരുന്നു... ഈ വിവാദം അസമയത്തു വന്നതു കൊണ്ടാകണം, അതിന്റെ പൊലിമ നഷ്ടപ്പെട്ടു. ആദ്യ പേജില്‍ പ്രതീക്ഷിക്കുന്ന പല വാര്‍ത്തകളും ഇപ്പോള്‍ പേപ്പറിന്റെ അകത്താളുകളില്‍ പരതിയാലേ കിട്ടുന്നുള്ളൂ, ഫ്രണ്ട് പേജ് അച്ചുമ്മാന് "ഡെഡിക്കേറ്റ്" ചെയ്തിരിക്കുകയല്ലേ!

3 comments:

മാറുന്ന മലയാളി said...

മാദ്ധ്യമങ്ങള്‍ എല്ലാം അഘോഷിക്കുകയാണ്.മരണവും സ്ഫോടനവും വെടിവെപ്പും എല്ലാം എല്ലാം.ഔചിത്യ ബോധം പോലും മാദ്ധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.ഈ കോലാഹലങ്ങളുടെ ഇടയിലേക്ക് വീരചരമമടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും വലിച്ചിഴയ്ക്കുകയായിരുന്നു മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി.

ഇതു കൂടി നോക്കൂ മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ?

Nishanth Nair said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്ദീപിന്റെ അച്ഛന്റെ ഭാഗത്ത് തെറ്റുണ്ട്. അനുശോചനം അറിയിക്കാന്‍ ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇങ്ങനെ ആണോ പെരുമാറുക? അതിഥി ദേവോ ഭവഃ എണ്ണ മനോഭാവം കാണിച്ചില്ലെങ്കിലും ഒരു അതിഥിയോട് മിനിമം മര്യാദയില്‍ പെരുമാറാമായിരുന്നു. വീട്ടില്‍ വന്ന ഒരാളെ ചീത്ത വിളിച്ചു പുറത്താക്കുന്നത് അത്യന്തം മര്യാദ കേടാണ് . ഇതേ കേരള സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കിയപ്പോള്‍ ഒരു ഉളിപ്പും ഇല്ലാതെ അങ്ങേര്‍ അത് കൈപറ്റിയല്ലോ! ഏത് മാനസിക അവസ്ഥയിലായാലും അങ്ങേര്‍ ഒരു scene ഉണ്ടാക്കേണ്ടിയിരുന്നില്ല. I dont want to comment about Achu mama as this 'പട്ടി' reaction is the least you can expect from him !

sarah sheldon said...

great post....

Dissertation Writing | Courseworks | Dissertations