Wednesday, December 24, 2008

"മോളിവുഡ്" - പ്രതീക്ഷയ്ക്ക് വകുപ്പുണ്ട്...

ലോകത്തിലെ ഏറ്റവും മോശമായ സിനിമകള്‍ക്കുള്ള 'പുരസ്കാരം' Golden Raspberry Award അഥവാ Razzies എന്ന പേരില്‍ 1981 മുതല്‍ എല്ലാ വര്‍ഷവും നല്‍കിപ്പോരുന്നുണ്ട്. ഏറ്റവും മോശം ചിത്രം, നടന്‍, നടി, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലെയും 'വിധ്വംസക പ്രവര്‍ത്തക'രെ തെരഞ്ഞെടുക്കുന്നതാകട്ടെ, കാശ് മുടക്കി സിനിമ കാണുന്ന പ്രേക്ഷകരും.

ആഗോളതലത്തില്‍ തല്ലിപ്പൊളിത്തരം പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതു കൊണ്ടാകണം, മലയാളത്തിന്റെ ഒരു ചിത്രത്തിനും ഇതു വരെ ആ അവാര്‍ഡ് പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. (കേരളത്തിനോടുള്ള മന:പൂര്‍വ്വമായ അവഗണനയാണ്‌ ഇതെന്നു പറഞ്ഞ് ഏതെങ്കിലും ഈര്‍ക്കിലി പാര്‍ട്ടിക്ക് നാളെത്തന്നെ വേണമെങ്കില്‍ സംസ്ഥാനവ്യാപകമായ ഒരു ഹര്‍ത്താലിനു ആഹ്വാനം ചെയ്യാം!)

സ്റ്റോക്ക് മാര്‍ക്കറ്റിനെക്കാള്‍ വേഗത്തില്‍ തകര്‍‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമ വിശദമായ ഒരു പുനരവലോകനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചു എന്നു കരുതുന്ന "ബൂലോക"വാസികള്‍ക്കെല്ലാം ഈ വര്‍ഷം തങ്ങളെ മാനസികമായി ഏറ്റവുമധികം തളര്‍ത്തിയ സിനിമ തെരഞ്ഞെടുക്കാന്‍ ഒരവസരം ഇതാ http://padavalam.com/ ല്‍. തികച്ചും അവസരോചിതമായ ഈ സംരംഭത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍...

വര്‍ഷം തോറും നൂറുകണക്കിനു ചിത്രങ്ങള്‍ പടച്ചു വിടുന്ന മലയാള ചലച്ചിത്ര വ്യവസായം സൃഷ്ടിക്കുന്ന 'മാലിന്യം' ചില്ലറയൊന്നുമല്ല. തട്ടിക്കൂട്ടിയ കഥയും തിരക്കഥയും സംഭാഷണവുമൊക്കെയായി 'ചിക്കിലി' കൈയിലുള്ള ഏതു പുതുപ്പണക്കാരനും ഇവിടെ സിനിമ പിടിക്കാം എന്ന അവസ്ഥയാണ്‌. ഒരു സൂപ്പര്‍ സ്റ്റാര്‍, കുറെ തട്ടുപോളിപ്പന്‍ സംഭാഷണങ്ങള്‍, വില്ലനെ അടിച്ച്‌ ശൂന്യാകാശത്തിലേക്ക് വിക്ഷേപണം ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍, അര്‍ത്ഥശൂന്യമായ അസംഖ്യം ഗാനങ്ങള്‍ - ഇതൊക്കെയാവണം ചേരുവകള്‍ എന്നു മാത്രം. അന്യനാട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത ഒരു 'ഐറ്റം' നായികയെ (പണ്ട് തറവാട്ടില്‍ നിന്നും ഭാഗം വാങ്ങിച്ച് അന്യദേശത്തെക്ക് ചേക്കേറിയതാണെങ്കില്‍ ഒന്നു കൂടെ നല്ലത്) വച്ചു കണ്ണിന്റെ ഫ്യൂസ്‌ അടിച്ചു പോകുന്ന രീതിയില്‍ ചിത്രീകരിച്ച ഒന്നോ രണ്ടോ ഗാനരംഗം കൂടെ മേമ്പോടി ചേര്‍‍ത്താല്‍ സംഗതി ഉഷാര്‍!

"ഈ കാണാന്‍ പോകുന്ന ചിത്രമെങ്കിലും നന്നായിരിക്കും" എന്ന ശുഭപ്രതീക്ഷയില്‍ തീയേറ്ററില്‍ പോയി ക്യൂ നിന്നു ടിക്കറ്റെടുത്തു പടം കാണുന്ന ഒരു സാധാരണ പ്രേക്ഷകന്‍‍ ഇവിടെ വീണ്ടും വീണ്ടും മണ്ടനാകുന്നു. എന്തിനധികം, പത്തോ പതിനഞ്ചോ രൂപ വാടക കൊടുത്തു വ്യാജ സി.ഡി വാങ്ങി കണ്ടാല്‍ പോലും ആ കാശു കളഞ്ഞതിന്റെ കുറ്റബോധം കൊണ്ട് മൂന്നു നാലു ദിവസത്തെ ഉറക്കം കെടുത്തുന്ന സിനിമകള്‍ എത്രയെണ്ണമാണ്‌ ഓരോ വര്‍ഷവും ഇറങ്ങുന്നത്!

എന്നിട്ടും, വര്‍ഷാവസാനം ആകുമ്പോള്‍ എല്ലാ പത്രങ്ങളും, ചാനലുകളും മുടങ്ങാതെ അവാര്‍ഡ് നിശകള്‍ സംഘടിപ്പിക്കുന്നു. വിഡ്ഢികളായി കൊതി തീരാത്ത ജനം‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ തെരഞ്ഞെടുക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന താരനിശകളുടെ ടിക്കറ്റ് വിറ്റ് വീണ്ടും കുറേപ്പേര്‍ കാശുകാരാകുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ നിരാശരായി ജീവിതം തുടരുന്നു.

ഇതില്‍ നിന്നൊക്കെ ഒരു മോചനം പടവലത്തിന്റെ ഈ സംരംഭം വഴി സാധ്യമാകും എന്നുറപ്പ്. ഇന്നിപ്പോള്‍ 'മികച്ച' തല്ലിപ്പൊളി ചിത്രത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഈ അവാര്‍ഡ് നാളെ കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളിലേക്കും വ്യാപിക്കണം. എന്നിട്ട്‌ ഈ 'ജനപ്രിയ'രേയും പരസ്യമായിത്തന്നെ സുവര്‍ണ, രജത, വെങ്കല പടവലങ്ങള്‍ സമ്മാനിച്ച്‌ 'അനാ'ദരിക്കണം.

അങ്ങനെ പ്രേക്ഷകരുടെ സത്യസന്ധമായ പ്രതികരണത്തെ പേടിച്ചെങ്കിലും മലയാള സിനിമയ്ക്കു കാമ്പില്ലാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്ന പ്രവണതയ്ക്ക് ഒരു അറുതി വരുമെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. പടവല പ്രസ്ഥാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ...

Thursday, December 4, 2008

കൊള്ളാം... ഈ പ്രതിബദ്ധതയും!

കത്തുന്ന പുരയില്‍ നിന്നു കഴുക്കോലൂരുന്ന "സാമൂഹികപ്രതിബദ്ധത" നമുക്കു പുത്തരിയല്ല... എന്നാലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായ മുഖ്യമന്ത്രിയുടെ "പട്ടി"പ്രയോഗത്തെ തുടര്‍ന്നുണ്ടായ പുകിലുകളെപ്പറ്റി എന്റെ അഭിപ്രായം പറയാതിരിക്കാന്‍ വയ്യ!

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ അപ്രതീക്ഷിതമായ ദുരന്തം സൃഷ്ടിച്ച ഭയപ്പാടിനെക്കാളും, അതില്‍ എരിഞ്ഞൊടുങ്ങിയ ജീവിതങ്ങളെക്കാളും നാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു ഈ സംഭവം! പത്ര-ദൃശ്യ മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളുമൊക്കെ ഇതു മല്‍സരിച്ചാഘോഷിച്ചു... ചാവേറാക്രമണം നടന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രി പോലും നേരിടാത്ത രാഷ്ട്രീയ, സാമൂഹിക സമ്മര്‍ദമാണ്‌ കേരളാ മുഖ്യമന്ത്രിക്ക് എല്ലാവരും കൂടെ സമ്മാനിച്ചത്‌.

ഒരു മരണവീട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളാണ്‌ അന്തരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരു വസതിയില്‍ അരങ്ങേറിയത്, ശരി തന്നെ. തികച്ചും വ്യക്തിപരമായ വികാരപ്രകടനം എന്നതിനുമപ്പുറം രാഷ്ട്രീയമായി ഇത്രയേറെ പ്രാധാന്യം ഇതിനു കൊടുക്കേണ്ടിയിരുന്നോ?
ലാലു പ്രസാദ്‌, പ്രകാശ് കാരട്ട്‌ ശ്രേണിയിലുള്ള ദേശീയ നേതാക്കളുടെ പ്രസ്താവനകള്‍, നിയമസഭയില്‍ അടിയന്തര പ്രമേയം, മുഖ്യമന്ത്രിയുടെ രാജിക്കു വേണ്ടി പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം, നാടൊട്ടുക്കുമുള്ള പ്രതിഷേധ പ്രകടനം - ഇതിന്റെ ഒക്കെ ആവശ്യം എന്തായിരുന്നു?

യഥാര്‍ത്ഥത്തില്‍ ശ്രദ്ധ പതിയേണ്ടിയിരുന്ന വേറെ എന്തൊക്കെ പ്രശ്നമുണ്ട് നമുക്ക്‌? ഇന്നലെ മുംബൈയില്‍ സംഭവിച്ചത്‌ നാളെ കേരളത്തിലും ആവര്‍ത്തിക്കില്ല എന്ന്‌ ഉറപ്പുവരുത്താന്‍ എന്തെങ്കിലും ശ്രമങ്ങള്‍ ആരെങ്കിലും നടത്തിയോ? തീരദേശ സുരക്ഷാ സന്നാഹങ്ങളില്‍ എന്തെങ്കിലും മെച്ചം വരുത്തിയോ? ചെയ്യാനാണെങ്കില്‍ കുന്നോളം കാര്യങ്ങള്‍ കിടക്കുന്നു... എന്നിട്ടും, ഇതു പോലൊരു വിഷയത്തില്‍ കടിച്ചു തൂങ്ങുന്ന "പ്രബുദ്ധ കേരള"ത്തിന്റെ ബുദ്ധിവൈഭവത്തെ എത്ര ശ്രമിച്ചിട്ടും ന്യായീകരിക്കാന്‍ എനിക്കു കഴിയുന്നില്ല, അതെന്റെ ബുദ്ധി ശൂന്യതയാണെങ്കില്‍ ക്ഷമിക്കുക...

വാല്‍ക്കഷണം: കഴിഞ്ഞയാഴ്ച വരെ മലയാള മാധ്യമങ്ങള്‍ പാഞ്ഞു നടന്നിരുന്നത് അഭയാ കൊലക്കേസ് പ്രതികള്‍ക്ക് പിന്നാലെയായിരുന്നു... ഈ വിവാദം അസമയത്തു വന്നതു കൊണ്ടാകണം, അതിന്റെ പൊലിമ നഷ്ടപ്പെട്ടു. ആദ്യ പേജില്‍ പ്രതീക്ഷിക്കുന്ന പല വാര്‍ത്തകളും ഇപ്പോള്‍ പേപ്പറിന്റെ അകത്താളുകളില്‍ പരതിയാലേ കിട്ടുന്നുള്ളൂ, ഫ്രണ്ട് പേജ് അച്ചുമ്മാന് "ഡെഡിക്കേറ്റ്" ചെയ്തിരിക്കുകയല്ലേ!

Friday, October 24, 2008

ദേഷ്യം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ, ഞാനിപ്പം മുഴുവനും...

ഈയിടെയായി മൊബൈല്‍ ഫോണിന്റെ കിളിനാദം കേള്‍‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോകുന്നു!!!

പണ്ടൊക്കെ മൊബൈലില്‍ അപരിചിതമായ അക്കങ്ങള്‍ തെളിഞ്ഞു കണ്ടാല്‍ ഏകദേശം ഉറപ്പിക്കാന്‍ പറ്റുമായിരുന്നു - ഒന്നുകില്‍ വല്ല പരിചയക്കാരും പുതിയ കണക്ഷന്‍ എടുത്ത വിവരമറിയിക്കാന്‍ വിളിക്കുന്നതാണ്‌, അല്ലെങ്കില്‍ ഏതെങ്കിലും ക്രെഡിറ്റ് കാര്‍ഡ് കമ്പനിയിലെ സുന്ദരി പുതിയ "ഓഫ"റുകളെക്കുറിച്ചു വാചാലയാകന്‍ വിളിക്കുന്നതാണ്‌, ഇനി അതും അല്ലെങ്കില്‍ ആളു മാറി ആരോ വിളിക്കുന്നതാണ്‌.

അവസാനം പറഞ്ഞ റോങ് നമ്പര്‍ ചിലര്‍ക്ക്‌ ചിലപ്പോളെങ്കിലും തൊന്തരവാകാറുണ്ടെന്നത് മറ്റൊരു സത്യം. പക്ഷെ ഈ "നമ്പ"റുകളെക്കുറിച്ച്‌ മുന്‍ കൂട്ടി കാണാനുള്ള കഴിവുള്ളവരായതു കൊണ്ട് മൊബൈല്‍ കമ്പനിക്കാര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കു ഒരു സൂത്രപ്പണി പറഞ്ഞു തന്നിരുന്നു. ഏതെങ്കിലും ഒരു നമ്പറില്‍ നിന്നു നിര്‍ത്താതെ വിളി വരികയാണെങ്കില്‍, അതൊരു ശല്യമാണെന്നു തോന്നുകയാണെങ്കില്‍, നമ്മുടെ ഫോണ്‍ കമ്പനിക്കാര്‍ക്കു ഒരു "ചിന്ന" എസ്.എം.എസ് അയച്ചാല്‍ മതി. അവര്‍ എന്നെന്നേക്കുമായി ആ ശല്യത്തെ "ബ്ലോക്ക്" ചെയ്തോളും.

അതൊക്കെ ഒരു കാലം! എന്നാല്‍, ഇന്നു സ്ഥിതി അതാണോ? ഒരു അപരിചിതന്റെ വിളി കേട്ടു ഫോണ്‍ എടുത്തു നോക്കുമ്പോളറിയാം, ഇതിനു പിറകില്‍ മറ്റാരുമല്ല നമ്മുടെ സ്വന്തം കമ്പനിക്കാര്‍ തന്നെയാണെന്ന്‌. നമ്മുടെ വിശ്രമ വേളകള്‍ ആനന്ദകരമാക്കുന്നതിനു വേണ്ടി അവര്‍ "റെക്കോര്‍ഡ്" ചെയ്ത സന്ദേശങ്ങള്‍ കേള്‍പ്പിക്കാന്‍ വിളിക്കുന്നതാണ്‌. ഫോണ്‍ എടുത്താലോ, ഏറ്റവും പുതിയ സിനിമാപാട്ടുകളായി, ഭക്തിഗാനസാഗരമായി, അല്ലെങ്കില്‍ തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളായി... ആകെപ്പാടെ ബഹളമയം!
ഇത്തരം "ടെലി മാര്‍ക്കെറ്റിങ്" കോളുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത്, ഒരിക്കല്‍ വന്ന നമ്പറില്‍ നിന്നല്ല അടുത്ത തവണ വിളി വരിക എന്നതാണ്‌. അതു കൊണ്‌ടു തന്നെ ഈ ഭൂമിയില്‍ പിറന്ന ഒരാള്‍‍ക്കും ഈ കൊലച്ചതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സാധിക്കില്ല!
കമ്പനിക്കാര്‍ ഈ കോളുകള്‍ നടത്തുന്നത്‌ ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ചല്ല (അല്ല, അവര്‍ക്കതിന്റെ ആവശ്യവുമില്ല) എന്നത് തന്നെ രണ്ടാമത്തെ കെണി. അത്യാവശ്യമായി പണി ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍, അതുമല്ലെങ്കില്‍ ആശുപത്രിയിലോ അമ്പലത്തിലോ നില്‍ക്കുമ്പോള്‍ - എപ്പോള്‍ വേണമെങ്കിലും ഇവറ്‍ നമ്മെ ആക്രമിക്കാം. ഫോണ്‍ എടുത്താല്‍ കേള്‍ക്കാം "ഇതാ നിങ്ങള്‍ക്കായി പുതുപുത്തന്‍ റിങ് ടോണുകള്‍..." തുടങ്ങിയ ചവറു സംഭാഷണങ്ങള്‍.

നാളിതു വരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച മാര്‍ക്കെറ്റിങ് തന്ത്രമാണ്‌ ഇതെന്നു ഞാന്‍ ഉറപ്പിച്ചു പറയും. കാരണം, സ്വന്തം മൊബൈല്‍ ഫോണ്‍ അടിച്ചാല്‍ ആരായാലും എടുത്തു പോകും. ഈ ബഹളമൊക്കെ കേട്ടു ദേഷ്യം വന്നു ചീത്ത വിളിച്ചു പോയാല്‍ത്തന്നെ അങ്ങേത്തലയ്ക്കല്‍ അതു കേള്‍ക്കാന്‍ ആരും കാണുകയുമില്ല... എന്തൊരു ഐഡിയ സര്‍ജീ! (ഒരു പഴഞ്ചൊല്ല്‌ പറഞ്ഞെന്നു മാത്രമേയുള്ളൂ, ഇതു വായിച്ചിട്ട് ഞാന്‍ "ഐഡിയ"ക്കാരെയാണ്‌ ഉദ്ദേശിച്ചത് എന്ന് തെറ്റിദ്ധരിക്കല്ലേ...)

നിമിഷങ്ങള്‍ തോറും പ്രവഹിക്കുന്ന എസ്.എം.എസ്സുകളെക്കുറിച്ചു ഞാന്‍ പരാതി പറയുന്നില്ല; ഏതൊരു ഉപഭോക്താവിനെയും പോലെ അതെന്റെ വിധി ആണെന്നു കരുതി ഞാന്‍ സമാധാനിക്കുന്നു! പക്ഷേ, നേരവും കാലവും തെറ്റിയ ഈ വിളികള്‍ - എനിക്കെന്തുകൊണ്ടോ ദഹിക്കുന്നില്ല!

എല്ലാവര്‍ക്കും ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ദേഷ്യം വരുമോ എന്നറിയില്ല. പക്ഷെ എനിക്കു വരും, വരുന്നു! കാരണം, ഞാന്‍ ഈ കേള്‍ക്കുന്ന സംഭാഷണങ്ങളും പാട്ടുകളും എനിക്കറിയാത്ത "കന്നഡ" ഭാഷയിലാണ്. FM റേഡിയോയില്‍ കേള്‍ക്കുന്നതിനെക്കാള്‍ കന്നഡ/ ഹിന്ദി കൂടുതല്‍ പാട്ടുകള്‍ ഞാന്‍ ഈയിടെയായി ഫോണ്‍ വഴി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെ സഹിക്കും?

ഇനി ഇപ്പോള്‍ ഇത്‌ ആസ്വദിക്കാന്‍ വേണ്ടി കന്നഡ പഠിച്ചാല്‍ മതി എന്ന്‌ മാത്രം എന്റെ മാന്യ വായനക്കാര്‍ ഉപദേശിക്കരുത്‌, കേരളത്തില്‍ ഇരുന്ന്‌ ഈ ബ്ലോഗ് വായിക്കുന്നവര്‍ പ്രത്യേകിച്ചും!

ആളുകള്‍ക്കു ഭ്രാന്തു പിടിച്ചാല്‍ ചങ്ങലക്കിടാം, എന്നാല്‍ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? എന്താണു ചെയ്യേണ്ടത് എന്നറിയുന്നവര്‍ ആ വിവരവും കമന്റിന്റെ കൂടെ ഇടുക!!!

Tuesday, October 14, 2008

ഇതോ മാധ്യമ ധര്‍മ്മം?

"ബച്ചന്റെ വീട്ടിലെ സോപ്പ് തീര്‍ന്നു പോയി" - സമീപ ഭാവിയില്‍ തന്നെ നമ്മുടെ ചാനലുകളില്‍ തെളിഞ്ഞേക്കാവുന്ന ഒരു "ന്യൂസ് ഫ്ലാഷ്" ആവാം ഇത്‌!

പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ അനുഭവപ്പെട്ട കടുത്ത വയറു വേദന കാരണം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന്‌ നമ്മുടെ ഹിന്ദി ന്യൂസ് ചാനലുകള്‍ പ്രകടിപ്പിച്ച ശുഷ്കാന്തിയും "സാമൂഹിക പ്രതിബദ്ധത"യുമാണ്‌ മേല്പ്പറഞ്ഞ ആശങ്കയ്ക്ക്‌ ആധാരം.

ശരിയാണ്‌, തനതായ അഭിനയ ശൈലിയും ശബ്ദഗാംഭീര്യവുമൊക്കെ കൊണ്ട് ഇന്ത്യന്‍ സിനിമാ സാമ്രാജ്യത്തില്‍ വ്യക്തമായ സ്ഥാനമുറപ്പിച്ച, ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായ, ഒരു ദേശത്തിന്റെ മുഴുവന്‍ ആവേശമായ അമിതാഭ് ബച്ചന്റെ രോഗം ഒരു വാര്‍ത്ത തന്നെയാണ്‌. പക്ഷേ, അതിനു കല്പ്പിക്കുന്ന പ്രാധാന്യമാണ്‌ ഇവിടെ പുനരവലോകനം ചെയ്യേണ്ട വിഷയം.

ഉദാഹരണത്തിന്‌, ഒരു പ്രമുഖ ഹിന്ദി വാര്‍ത്താചാനലില്‍ ഇന്നലെ വൈകുന്നേരം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പരിപാടി. മുഖ്യ ചര്‍ച്ചാ വിഷയം എന്തെന്നല്ലേ, "എന്തു കൊണ്ട് അമിതാഭ് ബച്ചന്‌ കൂടെക്കൂടെ അസുഖം വരുന്നു?", "എന്തു കൊണ്ട് ബച്ചന്‍ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നില്ല" തുടങ്ങി ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍...

ഇന്ത്യന്‍ ചാനലുകളിലെ "റിയാലിറ്റി ഷോ"കളുടെ അന്തര്‍നാടകങ്ങളുടെ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് എല്ലാ പരിപാടികളുടെയും "റേറ്റിങ്ങ്" ഉയര്‍ത്തുക എന്ന മഹാ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഈ ചാനലില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതു തെറ്റാണെന്നറിയാം. എന്നാലും ചോദിച്ചു പോകുന്നു - ഇതാണോ മാധ്യമ ധര്‍മ്മം?

ഒന്നു രണ്ടു വര്‍ഷം മുന്‍പ്‌, ഇതേ അമിതാഭ് ബച്ചന്‍ ഒരു ഉദര ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രി വിടുന്നതിന്റെ തലേന്നു രാത്രി ഈ ദേശത്തെ മാത്രമല്ല, ലോകത്തിലെ തന്നെ "കോര്‍പറേ"റ്റുകളെ ഒന്നടങ്കം നടുക്കിയ ഒരു ദുരന്തമായിരുന്നു ബാംഗ്ലൂരിലെ ഒരു കോള്‍സെന്ററിലെ ജീവനക്കാരിയായ പ്രതിഭയുടെ കൊലപാതകം. കേട്ട വാര്‍ത്ത വിശ്വസിക്കാനാകതെ, നടുക്കം വിട്ടു മാറാതെ, കൂടുതല്‍ വിവരമറിയാന്‍ ടി.വി ചാനലുകള്‍ മാറി മാറി വച്ച ഞങ്ങള്‍ക്കു നിരാശയായിരുന്നു ഫലം. കാരണം, അന്നു മുഴുവന്‍ "ഫ്ലാഷ്" ആയി വന്നു കൊണ്ടിരുന്ന വാര്‍ത്തകള്‍ ഇതൊക്കെയായിരുന്നു - "അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു", "അഭിഷേക് ബച്ചന്‍ ആശുപത്രിയിലെ ബില്ലടച്ചു", "ബച്ചന്‍ കുടുംബസനമേതം കാറില്‍ കയറി", "ബച്ചന്‍ വീടെത്താറായി", "ബച്ചന്‍ വീടെത്തി"!!!

ഈ ചാനലുകള്‍ ഐശ്വര്യാ റായ്-അഭിഷേക് ബച്ചന്‍ വിവാഹവും, സല്‍മാന്‍ ഖാന്റെ ഗണേശ ചതുര്‍ഥി ആഘോഷവും ഒക്കെ തകര്‍ത്തു "കവര്‍" ചെയ്തതും നമ്മള്‍ കണ്ടതാണല്ലോ...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സുപ്രധാന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംഭവ വികാസങ്ങളെക്കാളും ഏതു തരത്തിലാണ്‌ "കിങ് ഖാ"ന്റെ വീട്ടിലെ പട്ടിയെ കാണാതെ പോകുന്നതും അതു തിരിച്ചു വരുന്നതും പോലത്തെ നിസ്സാരമായ വിഷയങ്ങള്‍ പ്രസക്തമാകുന്നത്‌? വാര്‍ത്തകള്‍ക്കും "റേറ്റിങ്ങ്" ഉണ്ടോ? ഇനി ആഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇങ്ങനെയാണോ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും ചാനലുകളില്‍ "പ്രൈം ടൈ"മില്‍ കുറച്ചു സമയം കിട്ടുമോ എന്ന അന്വേഷണത്തിലാണ്‌ ഞാന്‍...

അപകടകരമായ ഈ ചാനല്‍ സംസ്കാരം മലയാളത്തിലെ വാര്‍ത്താ ചാനലുകളെ കടന്നാക്രമിക്കല്ലേ എന്ന പ്രാര്‍ഥനയോടു കൂടി ഞാന്‍ നിര്‍ത്തട്ടെ!

Friday, October 10, 2008

ആമുഖം

മലയാളത്തില്‍ സ്വന്തമായി ഒരു ബ്ലോഗ് എന്ന ആഗ്രഹം എന്റെ മനസ്സില്‍ കയറിക്കൂടിയിട്ട് നാളുകള്‍ കുറേയായി. എന്നാല്‍ ഈ ആശയം വെളിച്ചം കാണാന്‍ ഇത്രയും വൈകിയതിനു പിന്നിലുള്ള കാരണങ്ങള്‍ പലതാണ്.

സഹജമായ മടി ഒരു കാരണമായിരുന്നെന്നു പറയാതിരിക്കാന്‍ വയ്യ! പക്ഷേ, അതിലും വലുതായിരുന്നു എന്തെഴുതും എന്ന ആശയക്കുഴപ്പം. കുറച്ചു കൂടെ വിശദമായിപ്പറഞ്ഞാല്‍, ഇതു വരെ ആരും ചിന്തിക്കുക പോലും ചെയ്യാത്ത വിഷയങ്ങളുമായി വായനാലോകത്തെ കയ്യിലെടുക്കണം എന്ന ദുരാഗ്രഹമാണ് എന്നിലെ സാഹിത്യകാരിയുടെ ഏറ്റവും വലിയ ശത്രുവായി ഇത്രയും കാലം നിലനിന്നിരുന്നത്! ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഈ 'ബൂലോക'ത്തില്‍ സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചാവിഷയങ്ങളായിക്കഴിഞ്ഞിട്ടുണ്ട്, ഇപ്പോഴും ചര്‍ച്ചിക്കപ്പെടുന്നുമുണ്ട്. സൗരയൂധത്തിന്റെ പരിധിക്കു പുറത്തുള്ള കാര്യങ്ങളിലാണെങ്കില്‍ എനിക്കു പരിജ്ഞാനം തീരെ ഇല്ല താനും.

ഞാന്‍ പറഞ്ഞുകൊണ്ടു വരുന്നത് എന്താണെന്നു വച്ചാല്‍, ചിലപ്പോഴൊക്കെ എന്റെ എഴുത്തിന് മറ്റു പലയിടത്തും നിങ്ങള്‍ വായിച്ചു മറന്നതോ, എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും പടിയിറങ്ങാത്തതോ ആയ ഏതെങ്കിലും രചനകളുമായി സാമ്യം തോന്നുകയാണെങ്കില്‍, അതു മന:പൂര്‍വമല്ല, യാദൃശ്ചികമായി സംഭവിച്ചു പോയതാണെന്നു മനസ്സിലാക്കി വായനക്കാര്‍ സദയം മാപ്പാക്കണം.

എന്തെഴുതണം എന്നതു പോലെത്തന്നെ എങ്ങിനെ എഴുതണം എന്നതും ഒരു പ്രശ്നമായിരുന്നു. ഒന്നാമത്, പഠിക്കുന്ന കാലത്തു വല്ലതുമൊക്കെ എഴുതുമായിരുന്നെങ്കിലും, കഴിഞ്ഞ ഒരു 4 വര്ഷം കൊണ്ട് എഴുത്ത് എന്നത് അബദ്ധത്തില് പോലും സംഭവിക്കാത്ത ഒരു സംഗതിയായി മാറിക്കഴിഞ്ഞു; വായനയാണെങ്കിലോ, നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ അത്യപൂര്‍വ്വമായ ഒരു പ്രതിഭാസവും. ഇപ്പോള്‍, മലയാളവുമായി എന്നെ ഏറെക്കുറെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് ടി.വി ചാനലുകളാണ്. മെഗാ സീരിയലുകള്‍ ചിലതൊക്കെ കാണുന്നതു കൊണ്ടാണോ എന്നറിഞ്ഞുകൂടാ, ഈയിടെയായി പലപ്പോഴും ഭാഷയില്‍ ഒരല്പ്പം പൈങ്കിളി സ്പര്‍ശം കടന്നുവരുന്നുണ്ട്. ഒരല്പ്പമെങ്കിലും സാഹിത്യബോധമുള്ള ഒരു വായനക്കാരനും അതു പൊറുക്കാനാവില്ല എന്നറിയാവുന്നതു കൊണ്ട് എഴുതാന്‍ എനിക്കൊരല്പം പേടിയുണ്ടായിരുന്നെന്നു ഞാന് തുറന്നു സമ്മതിക്കട്ടെ!

എന്തായാലും മേല്പ്പറഞ്ഞവയ്ക്കൊക്കെ ഒരു പരിഹാമുണ്ടാക്കി എഴുതാന്‍ തുടങ്ങാം എന്നു വച്ചാല്‍ ഞാന്‍ ഈ ജന്മം ഒരു ബ്ളോഗിനുടമയാവില്ല എന്നും, അതു വഴി സഹൃദയ സമൂഹത്തിന് ഒരു മികച്ച എഴുത്തുകാരിയെ നഷ്ടപ്പെടും എന്നും അറിയാവുന്നതു കൊണ്ട് ഞാന്‍ ഒടുവില്‍ ബ്ലോഗാന്‍ തീരുമാനിച്ചു!

കേരളത്തില്‍ നിന്നും ഭൂമിശാസ്ത്രപരമായി അധികം അകലമില്ലെങ്കില്‍ക്കൂടിയും ജീവിതരീതിയിലും സാംസ്കാരിക സമീപനങ്ങളിലും ഒരു പാടു വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്ന "ബംഗളൂരു" എന്ന മഹാനഗരത്തിലെ പ്രവാസത്തിനിടയ്ക്കു മനസ്സില്‍ കടന്നു വരുന്ന ചില ചിന്തകളും അഭിപ്രായങ്ങളും ഞാനിതു വഴി വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു...


വാല്‍ക്കഷണം : ആയിരക്കണക്കിനു കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി നാളില്‍ത്തന്നെ ഈ ബ്ലോഗുലകത്തിലേക്കു കടന്നുകയറ്റം നടത്തണം എന്ന ആഗ്രഹം ചില "സാങ്കേതിക" തടസ്സങ്ങള്‍ മൂലം ഇന്നലെ നടക്കാതെ പോയി; ഇന്നെങ്കിലും അതിനു കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ഥയാണ്...