Friday, October 10, 2008

ആമുഖം

മലയാളത്തില്‍ സ്വന്തമായി ഒരു ബ്ലോഗ് എന്ന ആഗ്രഹം എന്റെ മനസ്സില്‍ കയറിക്കൂടിയിട്ട് നാളുകള്‍ കുറേയായി. എന്നാല്‍ ഈ ആശയം വെളിച്ചം കാണാന്‍ ഇത്രയും വൈകിയതിനു പിന്നിലുള്ള കാരണങ്ങള്‍ പലതാണ്.

സഹജമായ മടി ഒരു കാരണമായിരുന്നെന്നു പറയാതിരിക്കാന്‍ വയ്യ! പക്ഷേ, അതിലും വലുതായിരുന്നു എന്തെഴുതും എന്ന ആശയക്കുഴപ്പം. കുറച്ചു കൂടെ വിശദമായിപ്പറഞ്ഞാല്‍, ഇതു വരെ ആരും ചിന്തിക്കുക പോലും ചെയ്യാത്ത വിഷയങ്ങളുമായി വായനാലോകത്തെ കയ്യിലെടുക്കണം എന്ന ദുരാഗ്രഹമാണ് എന്നിലെ സാഹിത്യകാരിയുടെ ഏറ്റവും വലിയ ശത്രുവായി ഇത്രയും കാലം നിലനിന്നിരുന്നത്! ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഈ 'ബൂലോക'ത്തില്‍ സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചാവിഷയങ്ങളായിക്കഴിഞ്ഞിട്ടുണ്ട്, ഇപ്പോഴും ചര്‍ച്ചിക്കപ്പെടുന്നുമുണ്ട്. സൗരയൂധത്തിന്റെ പരിധിക്കു പുറത്തുള്ള കാര്യങ്ങളിലാണെങ്കില്‍ എനിക്കു പരിജ്ഞാനം തീരെ ഇല്ല താനും.

ഞാന്‍ പറഞ്ഞുകൊണ്ടു വരുന്നത് എന്താണെന്നു വച്ചാല്‍, ചിലപ്പോഴൊക്കെ എന്റെ എഴുത്തിന് മറ്റു പലയിടത്തും നിങ്ങള്‍ വായിച്ചു മറന്നതോ, എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും പടിയിറങ്ങാത്തതോ ആയ ഏതെങ്കിലും രചനകളുമായി സാമ്യം തോന്നുകയാണെങ്കില്‍, അതു മന:പൂര്‍വമല്ല, യാദൃശ്ചികമായി സംഭവിച്ചു പോയതാണെന്നു മനസ്സിലാക്കി വായനക്കാര്‍ സദയം മാപ്പാക്കണം.

എന്തെഴുതണം എന്നതു പോലെത്തന്നെ എങ്ങിനെ എഴുതണം എന്നതും ഒരു പ്രശ്നമായിരുന്നു. ഒന്നാമത്, പഠിക്കുന്ന കാലത്തു വല്ലതുമൊക്കെ എഴുതുമായിരുന്നെങ്കിലും, കഴിഞ്ഞ ഒരു 4 വര്ഷം കൊണ്ട് എഴുത്ത് എന്നത് അബദ്ധത്തില് പോലും സംഭവിക്കാത്ത ഒരു സംഗതിയായി മാറിക്കഴിഞ്ഞു; വായനയാണെങ്കിലോ, നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ അത്യപൂര്‍വ്വമായ ഒരു പ്രതിഭാസവും. ഇപ്പോള്‍, മലയാളവുമായി എന്നെ ഏറെക്കുറെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് ടി.വി ചാനലുകളാണ്. മെഗാ സീരിയലുകള്‍ ചിലതൊക്കെ കാണുന്നതു കൊണ്ടാണോ എന്നറിഞ്ഞുകൂടാ, ഈയിടെയായി പലപ്പോഴും ഭാഷയില്‍ ഒരല്പ്പം പൈങ്കിളി സ്പര്‍ശം കടന്നുവരുന്നുണ്ട്. ഒരല്പ്പമെങ്കിലും സാഹിത്യബോധമുള്ള ഒരു വായനക്കാരനും അതു പൊറുക്കാനാവില്ല എന്നറിയാവുന്നതു കൊണ്ട് എഴുതാന്‍ എനിക്കൊരല്പം പേടിയുണ്ടായിരുന്നെന്നു ഞാന് തുറന്നു സമ്മതിക്കട്ടെ!

എന്തായാലും മേല്പ്പറഞ്ഞവയ്ക്കൊക്കെ ഒരു പരിഹാമുണ്ടാക്കി എഴുതാന്‍ തുടങ്ങാം എന്നു വച്ചാല്‍ ഞാന്‍ ഈ ജന്മം ഒരു ബ്ളോഗിനുടമയാവില്ല എന്നും, അതു വഴി സഹൃദയ സമൂഹത്തിന് ഒരു മികച്ച എഴുത്തുകാരിയെ നഷ്ടപ്പെടും എന്നും അറിയാവുന്നതു കൊണ്ട് ഞാന്‍ ഒടുവില്‍ ബ്ലോഗാന്‍ തീരുമാനിച്ചു!

കേരളത്തില്‍ നിന്നും ഭൂമിശാസ്ത്രപരമായി അധികം അകലമില്ലെങ്കില്‍ക്കൂടിയും ജീവിതരീതിയിലും സാംസ്കാരിക സമീപനങ്ങളിലും ഒരു പാടു വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്ന "ബംഗളൂരു" എന്ന മഹാനഗരത്തിലെ പ്രവാസത്തിനിടയ്ക്കു മനസ്സില്‍ കടന്നു വരുന്ന ചില ചിന്തകളും അഭിപ്രായങ്ങളും ഞാനിതു വഴി വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു...


വാല്‍ക്കഷണം : ആയിരക്കണക്കിനു കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി നാളില്‍ത്തന്നെ ഈ ബ്ലോഗുലകത്തിലേക്കു കടന്നുകയറ്റം നടത്തണം എന്ന ആഗ്രഹം ചില "സാങ്കേതിക" തടസ്സങ്ങള്‍ മൂലം ഇന്നലെ നടക്കാതെ പോയി; ഇന്നെങ്കിലും അതിനു കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ഥയാണ്...

3 comments:

അനു said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിഷയങ്ങള്‍ എന്ത് തോന്യവാസവുമായിക്കോട്ടെ, ഞങ്ങളുണ്ടിവിടെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും... ബൂലോകത്തിലേക്ക് സുസ്വാഗതം!!!

Sabarish Chandrasekharan said...

സഹൃദയ സമൂഹത്തിനു ഒരു മികച്ച എഴുത്തുകാരിയെ നഷ്ടപ്പെടരുത്` എന്നു ഞാനും വിശ്വസിക്കുന്നു. നിന്ടെ തിരിഞ്ഞ തലയില്‍ ഇനിയും വികടമായ ആശയങ്ങള്‍ ഉണരട്ടെ എന്നു നേരുന്നു. സ്വന്തം ലേഖകന്‍.

sarah sheldon said...

absolutely right :)

online writing