Tuesday, October 14, 2008

ഇതോ മാധ്യമ ധര്‍മ്മം?

"ബച്ചന്റെ വീട്ടിലെ സോപ്പ് തീര്‍ന്നു പോയി" - സമീപ ഭാവിയില്‍ തന്നെ നമ്മുടെ ചാനലുകളില്‍ തെളിഞ്ഞേക്കാവുന്ന ഒരു "ന്യൂസ് ഫ്ലാഷ്" ആവാം ഇത്‌!

പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ അനുഭവപ്പെട്ട കടുത്ത വയറു വേദന കാരണം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന്‌ നമ്മുടെ ഹിന്ദി ന്യൂസ് ചാനലുകള്‍ പ്രകടിപ്പിച്ച ശുഷ്കാന്തിയും "സാമൂഹിക പ്രതിബദ്ധത"യുമാണ്‌ മേല്പ്പറഞ്ഞ ആശങ്കയ്ക്ക്‌ ആധാരം.

ശരിയാണ്‌, തനതായ അഭിനയ ശൈലിയും ശബ്ദഗാംഭീര്യവുമൊക്കെ കൊണ്ട് ഇന്ത്യന്‍ സിനിമാ സാമ്രാജ്യത്തില്‍ വ്യക്തമായ സ്ഥാനമുറപ്പിച്ച, ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായ, ഒരു ദേശത്തിന്റെ മുഴുവന്‍ ആവേശമായ അമിതാഭ് ബച്ചന്റെ രോഗം ഒരു വാര്‍ത്ത തന്നെയാണ്‌. പക്ഷേ, അതിനു കല്പ്പിക്കുന്ന പ്രാധാന്യമാണ്‌ ഇവിടെ പുനരവലോകനം ചെയ്യേണ്ട വിഷയം.

ഉദാഹരണത്തിന്‌, ഒരു പ്രമുഖ ഹിന്ദി വാര്‍ത്താചാനലില്‍ ഇന്നലെ വൈകുന്നേരം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പരിപാടി. മുഖ്യ ചര്‍ച്ചാ വിഷയം എന്തെന്നല്ലേ, "എന്തു കൊണ്ട് അമിതാഭ് ബച്ചന്‌ കൂടെക്കൂടെ അസുഖം വരുന്നു?", "എന്തു കൊണ്ട് ബച്ചന്‍ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നില്ല" തുടങ്ങി ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍...

ഇന്ത്യന്‍ ചാനലുകളിലെ "റിയാലിറ്റി ഷോ"കളുടെ അന്തര്‍നാടകങ്ങളുടെ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് എല്ലാ പരിപാടികളുടെയും "റേറ്റിങ്ങ്" ഉയര്‍ത്തുക എന്ന മഹാ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഈ ചാനലില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതു തെറ്റാണെന്നറിയാം. എന്നാലും ചോദിച്ചു പോകുന്നു - ഇതാണോ മാധ്യമ ധര്‍മ്മം?

ഒന്നു രണ്ടു വര്‍ഷം മുന്‍പ്‌, ഇതേ അമിതാഭ് ബച്ചന്‍ ഒരു ഉദര ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രി വിടുന്നതിന്റെ തലേന്നു രാത്രി ഈ ദേശത്തെ മാത്രമല്ല, ലോകത്തിലെ തന്നെ "കോര്‍പറേ"റ്റുകളെ ഒന്നടങ്കം നടുക്കിയ ഒരു ദുരന്തമായിരുന്നു ബാംഗ്ലൂരിലെ ഒരു കോള്‍സെന്ററിലെ ജീവനക്കാരിയായ പ്രതിഭയുടെ കൊലപാതകം. കേട്ട വാര്‍ത്ത വിശ്വസിക്കാനാകതെ, നടുക്കം വിട്ടു മാറാതെ, കൂടുതല്‍ വിവരമറിയാന്‍ ടി.വി ചാനലുകള്‍ മാറി മാറി വച്ച ഞങ്ങള്‍ക്കു നിരാശയായിരുന്നു ഫലം. കാരണം, അന്നു മുഴുവന്‍ "ഫ്ലാഷ്" ആയി വന്നു കൊണ്ടിരുന്ന വാര്‍ത്തകള്‍ ഇതൊക്കെയായിരുന്നു - "അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു", "അഭിഷേക് ബച്ചന്‍ ആശുപത്രിയിലെ ബില്ലടച്ചു", "ബച്ചന്‍ കുടുംബസനമേതം കാറില്‍ കയറി", "ബച്ചന്‍ വീടെത്താറായി", "ബച്ചന്‍ വീടെത്തി"!!!

ഈ ചാനലുകള്‍ ഐശ്വര്യാ റായ്-അഭിഷേക് ബച്ചന്‍ വിവാഹവും, സല്‍മാന്‍ ഖാന്റെ ഗണേശ ചതുര്‍ഥി ആഘോഷവും ഒക്കെ തകര്‍ത്തു "കവര്‍" ചെയ്തതും നമ്മള്‍ കണ്ടതാണല്ലോ...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സുപ്രധാന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംഭവ വികാസങ്ങളെക്കാളും ഏതു തരത്തിലാണ്‌ "കിങ് ഖാ"ന്റെ വീട്ടിലെ പട്ടിയെ കാണാതെ പോകുന്നതും അതു തിരിച്ചു വരുന്നതും പോലത്തെ നിസ്സാരമായ വിഷയങ്ങള്‍ പ്രസക്തമാകുന്നത്‌? വാര്‍ത്തകള്‍ക്കും "റേറ്റിങ്ങ്" ഉണ്ടോ? ഇനി ആഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇങ്ങനെയാണോ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും ചാനലുകളില്‍ "പ്രൈം ടൈ"മില്‍ കുറച്ചു സമയം കിട്ടുമോ എന്ന അന്വേഷണത്തിലാണ്‌ ഞാന്‍...

അപകടകരമായ ഈ ചാനല്‍ സംസ്കാരം മലയാളത്തിലെ വാര്‍ത്താ ചാനലുകളെ കടന്നാക്രമിക്കല്ലേ എന്ന പ്രാര്‍ഥനയോടു കൂടി ഞാന്‍ നിര്‍ത്തട്ടെ!

13 comments:

Joker said...

ഇതൊക്കെ തന്നെയാണ്‌ മാധ്യമ ധര്‍മം എന്ന് ചിലര്‍ ഇപ്പോള്‍ പറഞ്ഞു തരുന്നുണ്ട്. ചാനലുകള്‍ യഥേഷ്ടം മാറ്റുവാന്‍ റിമോട്ട് കണ്ട്രോള്‍ എന്ന ആയുധം നമ്മുടെ കയ്യിലുണ്ടല്ലോ എന്നും ഒരു വാദമുണ്ട്.

ഒരു പാറപ്പുറത്ത് ഏതോ തീവ്രവാദ സംഘടനയുടെ പേര് കുമ്മായം കൊണ്ട് എഴുതിവെച്ചത് കണ്ടാല്‍ പോലും അത് ചുറ്റിപറ്റി ഭീകരവാദഭീഷണിയെ എന്നൊക്കെ പറ്റി സ്റ്റോറികള്‍ ചമക്കുന്ന മാധ്യമങ്ങളും നമുക്കുണ്ട്.

ഒരു കാലത്ത് സര്‍ക്കാര്‍ വിലാസം മാധ്യമങ്ങളായത് കൊണ്ട് ഭരണകൂട ഭീകരത എല്ലാനിലക്കും മറച്ച് വെക്കപ്പെട്ടിരിക്കുന്നു.പക്ഷെ മീഡിയ സ്വതന്ത്രമായി എന്ന് കരുതുന്ന്ന കാലത്തും കൈകാര്യകര്‍ത്താക്കള്‍ മാറി എന്നെയുള്ളൂ. ഇപ്പോഴും മാധ്യമങ്ങള്‍ പഴയ ലാവണത്തില്‍ തന്നെയാണ്. അപവാദമായി തെഹല്‍ക്കയെ പോലുള്ള ചിലവ ഉണ്ട് എന്ന് മാത്രം ഒരു സമാധാനം. കള്ളപ്പനക്കാരും കുതുകാല്‍ വെട്റ്റികളും ബ്രാഹ്മണ ആഡ്യമന്മാരും പത്ര സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.

Sss :: That's me ...!!! said...

This is very correct. Our channels are mad with celebrating those things.. They even can't spend atleast 10 mnts a day to look into the actual problems of common man... Kudos to your post

Anonymous said...

sujith:

ചേച്ചിടെ അബിപ്രായത്തോട് യോജിക്കുന്നൂ. ഇതിന് ശരിക്കൂം നോമ് ചോമ്സ്കിടെ പൂസ്തകം വായിക്കേണ്ടതാണ്.

pramod said...

Your comments are nothing new in this online world. There are many others who share the same thoughts, including me. Considering the way you presented the facts, and more importantly the language, you deserve to be called sensible. Most of the blogs in Malayalam are crap. At least the ones that I've come across. And blogs containing these sensible thoughts usually lack a clear presentation, most of them suffer from this sensationalism.

The channels these days serve no other purpose than to shield the actual public opinion. Let alone channels, newspapers too have lost their commitment to the general public. They provide bloated facts about things that are of no concern to the common man, and turn a blind eye to the real problems. It's been a while since I've seen a good editorial in any of the so-called big shots among newspapers.

In my opinion, there should be a blanket ban on all 24x7 news channels. They mislead the people, propagate panic and confusion, and waste time and resources.

Hiran Venugopalan said...

സുജിത്, ഉദ്ദേശിച്ചതു് സാക്ഷല്‍ ഇദ്ദേഹത്തേയാണോ? പുള്ളിയാളു പുലിയല്ലേ!ഇതുകണ്ടാല്‍ മനസ്സിലാവും.

നല്ല ലേഖനം!അവിടെനിന്നു ഇനിയും പ്രതീക്ഷിക്കുന്നു.മൂന്ന് എസ്സുള്ളവന്‍ തന്നതു് പോലെ ഒരു ഖുഢോസ്സ് ന്റെ വക.

തറവാടി said...
This comment has been removed by the author.
തറവാടി said...
This comment has been removed by the author.
തറവാടി said...

ഇതാണോ മാധ്യമ ധര്‍മ്മം എന്ന് ചോദിക്കാതെ ഇതാണ് മാധ്യമ ധര്‍മ്മം എന്ന് വിശദമാക്കുകയായിരുന്നു വേണ്ടത്.

ടി.വി പോലുള്ള മാധ്യമാണ് ഇവിടെ വിവക്ഷിച്ചതെന്ന് കരുതിയാണിനിയുള്ള വാക്കുകള്‍.
ഒരു മാധ്യമം ന്യൂസുകള്‍ മാത്രം വിളമ്പാനുള്ളതാണെന്ന ഒരു കാഴ്ചപ്പാടാണ് ഈ ചിന്തക്ക് കാരണം.
വാര്‍ത്താമാധ്യമമാത്രമായല്ല ടി.വി.പോലുള്ള മാധ്യമങ്ങളെ നല്ലൊരു വിഭാഗം സമൂഹം കാണുന്നതെന്നും മാനസിക ഉല്ലാസത്തിനും കൂടിയാണെന്ന തിരിച്ചറിയുന്നതോടെ ഇതില്ലാതാകും.

പലതരത്തിലുള്ള ആളുകള്‍ ഉള്‍പ്പെടുന്നതുകൊണ്ട് തന്നെ അവരുടെ അഭിരുചികളും പലതാണ്.
ചിലര്‍ക്ക് വാര്‍ത്താധിഷ്ടിതം മറ്റുകിലര്‍ക്ക് സംഗീതം ചിലര്‍ക്ക് സിനിമ അങ്ങിനെ പോകുന്നു അത്.

നിലവിലിള്ള മിക്ക ചാനലുകളും സ്വകാര്യ സം‌രം‌ഭങ്ങളാണ്, അതുകൊണ്ട് തന്നെ സാമ്പത്തികമാണ് മുഖ്യം. പരസ്യങ്ങള്‍ മാത്രമാണ് ഇത്തരം മാധ്യമങ്ങളുടെ വരുമാനമാര്‍ഗ്ഗം അതു നിശ്ചയിക്കുന്നതോ ജനസമ്മതിയും.കൂടുതല്‍ ആളുകള്‍ കണുന്ന മാധ്യമത്തിന് കൂടുതല്‍ പണം ലഭിക്കുന്നു അതുകൊണ്ട് തന്നെ അവരുടെ ലക്ഷ്യം കൂടുതല്‍ കാണികളായിരിക്കും.

താങ്കളെപ്പോലുള്ളവര്‍ ( വാര്‍ത്തക്ക് പ്രധാനം കൂടുതല്‍ കൊടുക്കുന്നവര്‍ എന്ന് വിവക്ഷ) സമൂഹത്തില്‍ കൂടുമ്പോള്‍ തീര്‍ച്ചയായും മാധ്യമങ്ങളും അവരുടെ നയം മാറ്റുമെന്ന് കരുതാം. അതേ സമയം വാര്ത്താധിഷ്ടിത പരിപാടികള്‍ ഇഷ്ടപ്പെടുന്നവരുടെ സമൂഹത്തിലുള്ള ആധിക്യം വാര്‍ത്താ ചാനലുകള്‍ ഉണ്ടായതിനു കാരണമായകാര്യം മറക്കരുത് , അവിടെയാണ് റിമോട്ടുകള്‍ ഉപയോകപ്പെടുത്തേണ്ടത്

ഇനി വാര്‍ത്തകളില്‍ വരുന്ന വിഷയങ്ങളെപ്പറ്റിയാണെങ്കില്‍ ,

മുകളില്‍ നിന്നും അതും വായിച്ചെടുക്കാവുന്നതാണ്. ക്രൈം ആണ് ചിലര്‍ക്ക് വാര്‍ത്ത എങ്കില്‍ മറ്റു ചിലര്‍ക്ക് സിനിമാ നടന്‍ മാരുടെ പിന്നാമ്പുറ വിശേഷങ്ങളായിരിക്കും മറ്റു ചിലര്‍ക്ക് മതവുമായി ബന്ധപ്പെട്ടവ ഓരോരുത്തര്‍ക്കും വേണ്ടി ഓരോ ന്യൂസുകള്‍ പറ്റില്ലല്ലോ അതുകൊണ്ട് എല്ലാം കൊടുക്കുന്നു ചിലതില്‍ ചിലത് മുഴച്ചിരിക്കും അത്രമാത്രം

കമന്‍‌റ്റ് നീളം കൂടിപ്പോയോ?

ഹിത said...

കമന്റുകള്‍ക്കു നന്ദി...

പ്രിയപ്പെട്ട തറവാടി, ടി.വി എന്നത് ഒരു വിനോദോപാധി ആണെന്ന്‌ അറിയാഞ്ഞിട്ടല്ല... ZOOM, MTV, Channel V പോലെയുള്ള ചാനലുകളില്‍ നിന്നും ഇത്തരം മസാലകള്‍ മാത്രമേ ആരും പ്രതീക്ഷിക്കൂ എന്നെനിക്കറിയാം. എന്നാല്‍ വാര്‍ത്താചാനലുകള്‍ ഇങ്ങനെ ലക്കും ലഗാനുമില്ലാതെ "ഉദാരവല്‍ക്കരണം" നടത്തുന്നതിലെ അനൗചിത്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്...

പിന്നെ, പ്രേക്ഷകരുടെ കൈയില്‍ റിമോട്ട് ഉണ്ടെന്നത് ഈ മാധ്യമ ധാര്‍ഷ്ട്യത്തിനു ഒരു ന്യായീകരണമാകുന്നില്ല എന്നും പറയാതിരിക്കാന്‍ വയ്യ!

മലമൂട്ടില്‍ മത്തായി said...

ആവശ്യമുള്ള പരിപാടി മാത്രം കണ്ടാല്‍ പോരെ? ഏത് പരിപാടിയും കാണുകയും ചെയ്യും, പിന്നെ അതിനെ പറ്റി കുറ്റം പറയുകയും ചെയ്യും. ലോകത്തുള്ള ചാനലുകള്‍ മുഴുവനും ബി.ബി.സി നിലവാരത്തില്‍ വേണം എന്ന് വാശി പിടിച്ചാല്‍ പിന്നെ ടി.വി തല്ലി പൊളിച്ചു കളയുകയെ നിവര്‍ത്തിയുള്ളൂ.

എന്റെ വീട്ടില്‍ ടി.വി എല്ലാ കേട്ടോ :-)

ഹരിശ്രീ (ശ്യാം) said...

ദുരന്തങ്ങള്‍ ആഘോഷിക്കുകയും അശ്ലീലം ശീലമാക്കുകയും ചെയ്യുന്ന നമ്മുടെ ചാനലുകളില്‍ നിന്നു ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.
[ ഓ : ടോ : ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു........ ]

sarah sheldon said...

nice post. thanks for sharing

Dissertation Help | Coursework | Essays

lesterg said...

If I need essay help, I used to get help from my qualified English writers! My essays will be edited and proofread for spelling and grammatical mistakes from the experts for a very word and sentences, To find out more information , just visit writepass.co.uk/services/essays