Friday, October 24, 2008

ദേഷ്യം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ, ഞാനിപ്പം മുഴുവനും...

ഈയിടെയായി മൊബൈല്‍ ഫോണിന്റെ കിളിനാദം കേള്‍‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോകുന്നു!!!

പണ്ടൊക്കെ മൊബൈലില്‍ അപരിചിതമായ അക്കങ്ങള്‍ തെളിഞ്ഞു കണ്ടാല്‍ ഏകദേശം ഉറപ്പിക്കാന്‍ പറ്റുമായിരുന്നു - ഒന്നുകില്‍ വല്ല പരിചയക്കാരും പുതിയ കണക്ഷന്‍ എടുത്ത വിവരമറിയിക്കാന്‍ വിളിക്കുന്നതാണ്‌, അല്ലെങ്കില്‍ ഏതെങ്കിലും ക്രെഡിറ്റ് കാര്‍ഡ് കമ്പനിയിലെ സുന്ദരി പുതിയ "ഓഫ"റുകളെക്കുറിച്ചു വാചാലയാകന്‍ വിളിക്കുന്നതാണ്‌, ഇനി അതും അല്ലെങ്കില്‍ ആളു മാറി ആരോ വിളിക്കുന്നതാണ്‌.

അവസാനം പറഞ്ഞ റോങ് നമ്പര്‍ ചിലര്‍ക്ക്‌ ചിലപ്പോളെങ്കിലും തൊന്തരവാകാറുണ്ടെന്നത് മറ്റൊരു സത്യം. പക്ഷെ ഈ "നമ്പ"റുകളെക്കുറിച്ച്‌ മുന്‍ കൂട്ടി കാണാനുള്ള കഴിവുള്ളവരായതു കൊണ്ട് മൊബൈല്‍ കമ്പനിക്കാര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കു ഒരു സൂത്രപ്പണി പറഞ്ഞു തന്നിരുന്നു. ഏതെങ്കിലും ഒരു നമ്പറില്‍ നിന്നു നിര്‍ത്താതെ വിളി വരികയാണെങ്കില്‍, അതൊരു ശല്യമാണെന്നു തോന്നുകയാണെങ്കില്‍, നമ്മുടെ ഫോണ്‍ കമ്പനിക്കാര്‍ക്കു ഒരു "ചിന്ന" എസ്.എം.എസ് അയച്ചാല്‍ മതി. അവര്‍ എന്നെന്നേക്കുമായി ആ ശല്യത്തെ "ബ്ലോക്ക്" ചെയ്തോളും.

അതൊക്കെ ഒരു കാലം! എന്നാല്‍, ഇന്നു സ്ഥിതി അതാണോ? ഒരു അപരിചിതന്റെ വിളി കേട്ടു ഫോണ്‍ എടുത്തു നോക്കുമ്പോളറിയാം, ഇതിനു പിറകില്‍ മറ്റാരുമല്ല നമ്മുടെ സ്വന്തം കമ്പനിക്കാര്‍ തന്നെയാണെന്ന്‌. നമ്മുടെ വിശ്രമ വേളകള്‍ ആനന്ദകരമാക്കുന്നതിനു വേണ്ടി അവര്‍ "റെക്കോര്‍ഡ്" ചെയ്ത സന്ദേശങ്ങള്‍ കേള്‍പ്പിക്കാന്‍ വിളിക്കുന്നതാണ്‌. ഫോണ്‍ എടുത്താലോ, ഏറ്റവും പുതിയ സിനിമാപാട്ടുകളായി, ഭക്തിഗാനസാഗരമായി, അല്ലെങ്കില്‍ തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളായി... ആകെപ്പാടെ ബഹളമയം!
ഇത്തരം "ടെലി മാര്‍ക്കെറ്റിങ്" കോളുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത്, ഒരിക്കല്‍ വന്ന നമ്പറില്‍ നിന്നല്ല അടുത്ത തവണ വിളി വരിക എന്നതാണ്‌. അതു കൊണ്‌ടു തന്നെ ഈ ഭൂമിയില്‍ പിറന്ന ഒരാള്‍‍ക്കും ഈ കൊലച്ചതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സാധിക്കില്ല!
കമ്പനിക്കാര്‍ ഈ കോളുകള്‍ നടത്തുന്നത്‌ ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ചല്ല (അല്ല, അവര്‍ക്കതിന്റെ ആവശ്യവുമില്ല) എന്നത് തന്നെ രണ്ടാമത്തെ കെണി. അത്യാവശ്യമായി പണി ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍, അതുമല്ലെങ്കില്‍ ആശുപത്രിയിലോ അമ്പലത്തിലോ നില്‍ക്കുമ്പോള്‍ - എപ്പോള്‍ വേണമെങ്കിലും ഇവറ്‍ നമ്മെ ആക്രമിക്കാം. ഫോണ്‍ എടുത്താല്‍ കേള്‍ക്കാം "ഇതാ നിങ്ങള്‍ക്കായി പുതുപുത്തന്‍ റിങ് ടോണുകള്‍..." തുടങ്ങിയ ചവറു സംഭാഷണങ്ങള്‍.

നാളിതു വരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച മാര്‍ക്കെറ്റിങ് തന്ത്രമാണ്‌ ഇതെന്നു ഞാന്‍ ഉറപ്പിച്ചു പറയും. കാരണം, സ്വന്തം മൊബൈല്‍ ഫോണ്‍ അടിച്ചാല്‍ ആരായാലും എടുത്തു പോകും. ഈ ബഹളമൊക്കെ കേട്ടു ദേഷ്യം വന്നു ചീത്ത വിളിച്ചു പോയാല്‍ത്തന്നെ അങ്ങേത്തലയ്ക്കല്‍ അതു കേള്‍ക്കാന്‍ ആരും കാണുകയുമില്ല... എന്തൊരു ഐഡിയ സര്‍ജീ! (ഒരു പഴഞ്ചൊല്ല്‌ പറഞ്ഞെന്നു മാത്രമേയുള്ളൂ, ഇതു വായിച്ചിട്ട് ഞാന്‍ "ഐഡിയ"ക്കാരെയാണ്‌ ഉദ്ദേശിച്ചത് എന്ന് തെറ്റിദ്ധരിക്കല്ലേ...)

നിമിഷങ്ങള്‍ തോറും പ്രവഹിക്കുന്ന എസ്.എം.എസ്സുകളെക്കുറിച്ചു ഞാന്‍ പരാതി പറയുന്നില്ല; ഏതൊരു ഉപഭോക്താവിനെയും പോലെ അതെന്റെ വിധി ആണെന്നു കരുതി ഞാന്‍ സമാധാനിക്കുന്നു! പക്ഷേ, നേരവും കാലവും തെറ്റിയ ഈ വിളികള്‍ - എനിക്കെന്തുകൊണ്ടോ ദഹിക്കുന്നില്ല!

എല്ലാവര്‍ക്കും ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ദേഷ്യം വരുമോ എന്നറിയില്ല. പക്ഷെ എനിക്കു വരും, വരുന്നു! കാരണം, ഞാന്‍ ഈ കേള്‍ക്കുന്ന സംഭാഷണങ്ങളും പാട്ടുകളും എനിക്കറിയാത്ത "കന്നഡ" ഭാഷയിലാണ്. FM റേഡിയോയില്‍ കേള്‍ക്കുന്നതിനെക്കാള്‍ കന്നഡ/ ഹിന്ദി കൂടുതല്‍ പാട്ടുകള്‍ ഞാന്‍ ഈയിടെയായി ഫോണ്‍ വഴി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെ സഹിക്കും?

ഇനി ഇപ്പോള്‍ ഇത്‌ ആസ്വദിക്കാന്‍ വേണ്ടി കന്നഡ പഠിച്ചാല്‍ മതി എന്ന്‌ മാത്രം എന്റെ മാന്യ വായനക്കാര്‍ ഉപദേശിക്കരുത്‌, കേരളത്തില്‍ ഇരുന്ന്‌ ഈ ബ്ലോഗ് വായിക്കുന്നവര്‍ പ്രത്യേകിച്ചും!

ആളുകള്‍ക്കു ഭ്രാന്തു പിടിച്ചാല്‍ ചങ്ങലക്കിടാം, എന്നാല്‍ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? എന്താണു ചെയ്യേണ്ടത് എന്നറിയുന്നവര്‍ ആ വിവരവും കമന്റിന്റെ കൂടെ ഇടുക!!!

12 comments:

Niyaz said...

എന്നതാ പറയുക, നമ്മുടെ ഒക്കെ വിധി...

nizhal|നിഴല്‍ said...

ഹിത,
ദേഷ്യപ്പെടാതെ ഈ ലിങ്ക് കാണു. :)
http://ndncregistry.gov.in/ndncregistry/index.jsp

സുല്‍ |Sul said...

നന്നായിരിക്കുന്നു സുഹൃത്തെ.
സ്വാഗതം.
-സുല്‍

കാന്താരിക്കുട്ടി said...

നമ്മുടെ സ്വന്തം ബി എസ് എന്‍ എല്ലില്‍ നിന്നും ഇടക്കൊക്കെ ഈ വിളികള്‍ വരുംപ്പോള്‍ ദൈവത്തെ വിളിച്ചു പോയിട്ടുണ്ട്..ഇത്രേം നാളും പ്രൈവറ്റ് മൊബൈല്‍ കമ്പനികള്‍ക്ക്ക്കേ ഈ സൂക്കേട് ഉണ്ടായിരുന്നുള്ളൂ...അത്യാവശ്യമായി വല്ല ജോലിയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആകും മൊബൈല്‍ റിംഗ് ചെയ്യൂന്നത്..ഓടി വന്ന് എടുക്കുമ്പോള്‍ കേള്‍ക്കുന്നത് തട്ടു പൊളിപ്പന്‍ പരസ്യം ..ദേഷ്യം വരാതിരിക്കുന്നതെങ്ങെനെ ??

ഹിതയുടെ ചിന്തകളോട് സര്‍വാത്മനാ യോജിക്കുന്നു!!

അശ്വതി/Aswathy said...

കാന്തരികുട്ടി എഴുതിയതിനു താഴെ ഞാന്‍ ഒപ്പിട്ടിരിക്കുന്നു. ബി എസ് എന്‍ എല്‍ ആണ് എന്നെ വിഷമിപ്പിക്കുന്നത്.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അടുത്ത നാളില്‍ ഒരു 18 ദിവസം നാട്ടില്‍ ഉണ്ടായിരുന്നു. പല തവണ ഈ വക പരസ്യ കോളുകള്‍ വന്നു. ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ഒരു തവണ ഇങ്ങിനെ ഒരു കോള്‍ .. സൈഡ്‌ ആക്ക്‌ കോള്‍ എടുത്തപ്പോള്‍ .. അവന്മാരുടെ ഒരു വളിച്ച തമാശകള്‍.. സ്വന്തം ഫോണായിരുന്നത്‌ കൊണ്ട്‌ റോഡിലെറിഞ്ഞ്‌ പൊട്ടിച്ചില്ല..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

Good post

smitha adharsh said...

പറയാന്‍ വന്നത് കാ‍ന്താരി ചേച്ചി പറഞ്ഞു..ആശ്വതീടെ കൂടെ ഞാനും ഒരു ഒപ്പ് ഇടുന്നു.

ഹരിശ്രീ (ശ്യാം) said...

സത്യം .. അതിയന്ത്രവല്‍ക്കൃതസന്ദേശന്ങളുടെ ശല്യം സഹിക്കാനാവാതെ ഒരിക്കല്‍ ഞാനും വിളിച്ചു ഉപഭോക്തൃസംരക്ഷണകേന്ദ്രത്തിലോട്ടു... എന്നോടും അയക്കാന്‍ പറഞ്ഞു ഒരു ചെറിയ " ഹ്രസ്വസന്ദേശസേവനം" . എന്നിട്ടും ശല്യം തുടര്‍ന്നുകൊണ്ടേയിരുന്നു.. വീണ്ടും വിളിച്ചു.. അവന്മാരുടെ.. ഉപഭോക്തൃ .. ആ അങ്ങോട്ട്.. . അപ്പോള്‍ പറയുന്നു നിങ്ങളുടെ അപേക്ഷ പരിഗണിക്കാന്‍ ഒരു 40 ദിവസം കാത്തിരിക്കണമത്രേ .. എന്റെ പട്ടി കാത്തിരിക്കും.. വീണ്ടും വന്നു ഫോണ്‍..... എടുത്തു... " ഹൊസാ ഓഫറുകളു.. .."
"@#@#$@$%൬^%#൩"

എന്തായാലും ഈയിടെയായി ശല്യം ഇല്ല.. അപേക്ഷ പരിഗണിച്ചു കാണണം..

കീരിക്കാടന്‍ said...

അടിപൊളി .... ഇനിയും ഇതുപോലെ ഉള്ള പോസ്റ്റുകള്‍ പോരട്ടെ ...
സ്വന്തം കീരിക്കാടന്‍

Nishanth Nair said...

താങ്കളും തുടങ്ങിയോ ബ്ലോഗിങ്ങ് . നെന്നായി :) .
ഈ സാധനം കണ്ടായിരുന്നോ?? http://thonyaksharangal.blogspot.com/
തന്റെ ബ്ലോഗ് തപ്പി പോയപ്പോള്‍ കണ്ടതാണ്.... രണ്ടു പേരും ഒരേ frequency . :) .
Nice start keep this going....

sarah sheldon said...

fantastic post!!

Coursework Writing | Custom Essay | Custom Thesis